10 അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു. 11 അവൾ ഒരു നേർച്ച നേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു. 12 ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി. 13 ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി. 14 ഏലി അവളോടു: നീ എത്രത്തോളം ലഹരിപിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു. 15 അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു. 16 അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു. 17 അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു. 18 അടിയന്നു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല. 19 അനന്തരം അവർ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എല്ക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു. 20 ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേൽ എന്നു പേരിട്ടു.
Publicidade
Publicidade