11 നിന്റെ പുത്രന്മാർ എല്ലാവരുമായോ എന്നു ശമൂവേൽ ചോദിച്ചതിന്നു അവൻ: ഇനി, ഉള്ളതിൽ ഇളയവൻ ഉണ്ടു; അവൻ ആടുകളെ മേയ്ക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോടു: ആളയച്ചു അവനെ വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു. 12 ഉടനെ അവൻ ആളയച്ചു അവനെ വരുത്തി; എന്നാൽ അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോൾ യഹോവ: എഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്ക; ഇവൻ തന്നേ ആകുന്നു എന്നു കല്പിച്ചു. 13 അങ്ങനെ ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവിൽവെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റു രാമയിലേക്കു പോയി.