1 9:1 മത്തായി 12:42; ലൂക്കൊസ് 11:31 ശെബാരാജ്ഞി ശലോമോന്റെ കീർത്തികേട്ടിട്ടു കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു. 2 അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു; സമാധാനം പറവാൻ കഴിയാതെ ഒന്നും ശലോമോന്നു മറപൊരുളായിരുന്നില്ല. 3 ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവൻ പണിത അരമനയും 4 അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി. 5 അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യംതന്നേ; 6 ഞാൻ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല, ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു. 7 നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എല്ലായ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ. 8 നിന്റെ ദൈവമായ യഹോവെക്കു വേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന്നു അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാൻ നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു.
Publicidade