1 അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു. 2 യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ലൗദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു. 3 തൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെ പാർത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു. 4 എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.
5 ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽ നിന്നു വന്നാറെ പൗലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു. 6 അവർ എതിർ പറയുകയും ദുഷിക്കയും ചെയ്കയാൽ അവൻ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിന്നു നിങ്ങൾ തന്നേ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ; ഇനിമേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും എന്നു അവരോടു പറഞ്ഞു. 7 അവൻ അവിടം വിട്ടു, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു. 8 പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു. 9 രാത്രിയിൽ കർത്താവു ദർശനത്തിൽ പൗലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു; 10 ഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു. 11 അങ്ങനെ അവൻ ഒരാണ്ടും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.