21 അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാൻ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. 22 ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ടു വഴിയിൽ ശത്രുവിന്റെ നേരെ ഞങ്ങൾക്കു തുണയായിരിക്കേണ്ടതിന്നു പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാൻ ഞാൻ ലജ്ജിച്ചിരുന്നു. 23 അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാർത്ഥിച്ചു; അവൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു.
31 യെരൂശലേമിന്നു പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നു; അവൻ ശത്രുവിന്റെ കയ്യിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്റെ കയ്യിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.