1 എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു. 2 2:2 അപ്പൊ. പ്രവൃത്തികൾ 7:20; എബ്രായർ 11:23അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. അവൻ സൗന്ദര്യമുള്ളവൻ എന്നു കണ്ടിട്ടു അവനെ മൂന്നു മാസം ഒളിച്ചുവെച്ചു. 3 അവനെ പിന്നെ ഒളിച്ചുവെപ്പാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു. 4 അവന്നു എന്തു ഭവിക്കുമെന്നു അറിവാൻ അവന്റെ പെങ്ങൾ ദൂരത്തു നിന്നു. 5 അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അതിനെ എടുത്തുകൊണ്ടുവരുവാൻ ദാസിയെ അയച്ചു. 6 അവൾ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവൾക്കു അതിനോടു അലിവുതോന്നി: ഇതു എബ്രായരുടെ പൈതങ്ങളിൽ ഒന്നു എന്നു പറഞ്ഞു. 7 അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോടു: ഈ പൈതലിന്നു മുല കൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചുകൊണ്ടുവരേണമോ എന്നു ചോദിച്ചു. 8 ഫറവോന്റെ പുത്രി അവളോടു: ചെന്നു കൊണ്ടുവരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. 9 ഫറവോന്റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളർത്തി. 10 2:10 അപ്പൊ. പ്രവൃത്തികൾ 7:21പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: ഞാൻ അവനെ വെള്ളത്തിൽ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവൾ അവന്നു മോശെ എന്നു പേരിട്ടു.