41 തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവു അവനെ ദ്വേഷിച്ചു: അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്നു ഏശാവു ഹൃദയത്തിൽ പറഞ്ഞു. 42 മൂത്തമകനായ ഏശാവിന്റെ വാക്കു റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ചു അവനോടു പറഞ്ഞതു: നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു. 43 ആകയാൽ മകനേ, എന്റെ വാക്കു കേൾക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഓടിപ്പോക. 44 നിന്റെ സഹോദരന്റെ ക്രോധം ശമിക്കുവോളം കുറെ നാൾ അവന്റെ അടുക്കൽ പാർക്ക. 45 നിന്റെ സഹോദരന്നു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തതു അവൻ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാൻ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നേ നിങ്ങൾ ഇരുവരും എനിക്കു ഇല്ലാതെയാകുന്നതു എന്തിനു?