1 രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ: 2 അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. 3 അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു. 4 മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു. 5 അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു. 6 അവയുടെ പിന്നാലെ നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. 7 നേർത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്നു അറിഞ്ഞു.
Publicidade