45 ഫിലിപ്പൊസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്ത്കാരൻ തന്നേ എന്നു പറഞ്ഞു. 46 നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു. 47 നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു. 48 നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു. 49 നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു. 50 യേശു അവനോടു: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു. 51 1:51 ഉല്പത്തി 28:12ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നും അവനോടു പറഞ്ഞു.