39 ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു, 40 സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു. 41 മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, 42 ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു. 43 എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി. 44 നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി. 45 കർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
Publicidade