54 അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു. 55 അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു. 56 അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. 57 അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു. 58 കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു. 59 ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു. 60 മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി. 61 അപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു 62 പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.