11 പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി. 12 അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവൻ അമ്മക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. 13 അവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു അവളോടു:കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തുചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു. 14 ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു അവൻ പറഞ്ഞു. 15 മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു. 16 എല്ലാവർക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു. 17 അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു.