27 അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു. 28 അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു. 29 അവൻ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും. 30 യേശു അവനോടു:നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു. 31 പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു. 32 അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു. 33 ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. 34 ഈ സംഭവിച്ചതു മേയ്ക്കുന്നവർ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു. 35 സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
Publicidade