1 സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലർച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം. 2 വേലക്കാരോടു അവൻ ദിവസത്തേക്കു ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു. 3 മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു: 4 നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവർ പോയി. 5 അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു. 6 പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു. 7 ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു. 8 20:8 ലേവ്യപുസ്തകം 19:13; ആവർത്തനപുസ്തകം 24:15സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു. 9 അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി. 10 മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി. 11 അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു: 12 ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു. 13 അവരിൽ ഒരുത്തനോടു അവൻ ഉത്തരം പറഞ്ഞതു: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ? 14 നിന്റേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സു. 15 എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ? 16 20:16 മത്തായി 19:30; മർക്കൊസ് 10:31; ലൂക്കൊസ് 13:30ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.