12 ശേഷമുള്ളവരോട് കർത്താവല്ല, ഞാൻതന്നെ നിർദേശിക്കുന്നത്: ഒരു സഹോദരന്റെ ഭാര്യ ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അവൾക്ക് അയാളോടുചേർന്നു ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അയാൾ അവളെ ഉപേക്ഷിക്കാൻ പാടില്ല. 13 അതുപോലെതന്നെ ഒരു സ്ത്രീയുടെ ഭർത്താവ് ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അയാൾക്ക് അവളോടുചേർന്ന് ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അവളും അയാളെ ഉപേക്ഷിക്കാൻ പാടില്ല. 14 കാരണം, അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ തന്റെ ഭർത്താവുമുഖേനയും വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ അശുദ്ധരെന്നുവരും. എന്നാൽ ഇപ്പോഴോ അവർ വിശുദ്ധർ ആണ്.7:14 വിശ്വാസിയല്ലാത്ത ഭർത്താവ് വിശ്വാസിനിയായ ഭാര്യയുടെ സ്വാധീനംകൊണ്ട് ഒരുപക്ഷേ വിശ്വാസിയായേക്കാം. അതുപോലെതന്നെ മറിച്ചും. കുടുംബം വിഭജിക്കപ്പെട്ടുപോയാൽ കുഞ്ഞുങ്ങൾക്ക് കർത്താവിനെ അറിയാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്, എന്നാൽ കുടുംബം അവിഭക്തമായിരുന്നാൽ ദൈവഹിതമാണെങ്കിൽ കുഞ്ഞുങ്ങളും കർത്താവിനെ അറിഞ്ഞേക്കും.