4 ഏലിയാവ് തനിച്ചു മരുഭൂമിയിലേക്ക് ഒരു ദിവസത്തെ വഴി യാത്രചെയ്ത് ഒരു കുറ്റിച്ചെടിയുടെ തണലിൽ ഇരുന്നു. മരിച്ചെങ്കിൽ എന്നാഗ്രഹിച്ച് അദ്ദേഹം ഇപ്രകാരം പ്രാർഥിച്ചു: "യഹോവേ! ഇപ്പോൾ എനിക്കു മതിയായി; എന്റെ ജീവൻ എടുത്തുകൊള്ളണമേ! ഞാൻ എന്റെ പൂർവികരെക്കാൾ നല്ലവനല്ലല്ലോ!" 5 പിന്നെ, അദ്ദേഹം ആ കുറ്റിച്ചെടിയുടെ തണലിൽക്കിടന്ന് ഉറങ്ങി.
അപ്പോൾത്തന്നെ, യഹോവയുടെ ഒരു ദൂതൻ ഏലിയാവിനെ സ്പർശിച്ചിട്ട്, "എഴുന്നേറ്റു ഭക്ഷണം കഴിക്കുക" എന്നു പറഞ്ഞു. 6 അദ്ദേഹം ചുറ്റും നോക്കി; അവിടെ അദ്ദേഹത്തിന്റെ തലയ്ക്കൽ തീക്കനലിൽ ചുട്ടെടുത്ത അപ്പവും ഒരു ഭരണി വെള്ളവും ഇരിക്കുന്നുണ്ടായിരുന്നു! അദ്ദേഹം ഭക്ഷണം കഴിച്ചശേഷം വീണ്ടും കിടന്നുറങ്ങി.
7 യഹോവയുടെ ദൂതൻ രണ്ടാംപ്രാവശ്യവും പ്രത്യക്ഷനായി അദ്ദേഹത്തെ തട്ടിയുണർത്തി: "എഴുന്നേറ്റു ഭക്ഷിക്കുക; അല്ലെങ്കിൽ, ദീർഘദൂരയാത്ര നിനക്ക് അസഹനീയമായിരിക്കും" എന്നു പറഞ്ഞു. 8 അതിനാൽ, അദ്ദേഹം എഴുന്നേറ്റ് വീണ്ടും ഭക്ഷണം കഴിച്ചു. ആ ഭക്ഷണത്തിന്റെ ശക്തിയാൽ അദ്ദേഹം ദൈവത്തിന്റെ പർവതമായ ഹോരേബിലെത്തുന്നതുവരെ നാൽപ്പതുപകലും നാൽപ്പതുരാത്രിയും സഞ്ചരിച്ചു.