11 ആ രാത്രിതന്നെ ദാവീദിന്റെ വീടിനു കാവൽനിൽക്കുന്നതിന് ശൗൽ ഭടന്മാരെ അയച്ചു. രാവിലെ അദ്ദേഹം ഇറങ്ങിവരുമ്പോൾ കൊന്നുകളയുന്നതിനായി കൽപ്പനകൊടുക്കുകയും ചെയ്തു. ദാവീദിന്റെ ഭാര്യയായ മീഖൾ കാര്യം മനസ്സിലാക്കിയിട്ട് അദ്ദേഹത്തോട്: "ഇന്നു രാത്രി പ്രാണരക്ഷാർഥം ഓടിപ്പോകുന്നില്ലെങ്കിൽ നാളെ പ്രഭാതത്തിൽ അങ്ങു കൊല്ലപ്പെടും" എന്നു പറഞ്ഞു. 12 അങ്ങനെ മീഖൾ ദാവീദിനെ ഒരു ജനാലയിലൂടെ ഇറക്കിവിട്ടു. അദ്ദേഹം ഓടി രക്ഷപ്പെടുകയും ചെയ്തു. 13 പിന്നെ മീഖൾ ഒരു ബിംബമെടുത്ത് ദാവീദിന്റെ കിടക്കയിൽ കിടത്തി. അതിന്റെ തലയിൽ കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയിട്ടു, ഉടൽ തുണികൊണ്ട് പുതപ്പിക്കുകയും ചെയ്തു.
14 ദാവീദിനെ പിടിക്കാൻ ശൗൽ അയച്ച പ്രതിനിധികൾ വന്നപ്പോൾ, "അദ്ദേഹം സുഖമില്ലാതെ കിടക്കുന്നു" എന്നു മീഖൾ അറിയിച്ചു.
15 ശൗൽ ആ പ്രതിനിധികളെ വീണ്ടും ദാവീദിന്റെ ഭവനത്തിലേക്കയച്ചു. "അവനെ കൊല്ലേണ്ടതിന് കിടക്കയോടെ എന്റെമുമ്പിൽ കൊണ്ടുവരിക," എന്നു കൽപ്പിച്ചു. 16 എന്നാൽ അവർ മുറിയിൽ പ്രവേശിച്ചപ്പോൾ ദാവീദിന്റെ കിടക്കയിൽ ഒരു ബിംബം തലയ്ക്കൽ കോലാട്ടുരോമംകൊണ്ടുള്ള മൂടിയുമായി കിടക്കുന്നതു കണ്ടു.
17 ശൗൽ മീഖളിനോട്: "നീ എന്നെ ഈ വിധം ചതിച്ചതെന്തിന്? എന്റെ ശത്രു രക്ഷപ്പെടാൻ തക്കവണ്ണം നീ അവനെ വിട്ടയയ്ക്കുകയും ചെയ്തതെന്ത്?" എന്നു ചോദിച്ചു.
"എന്നെ വിട്ടയയ്ക്കുക; അല്ലെങ്കിൽ ഞാൻ നിന്നെ കൊന്നുകളയും എന്ന് അയാൾ എന്നോടു പറഞ്ഞു," എന്ന് മീഖൾ മറുപടി നൽകി.
18 ദാവീദ് രക്ഷപ്പെട്ട് ഓടി രാമായിൽ ശമുവേലിന്റെ അടുത്തെത്തി. ശൗൽ തന്നോടു ചെയ്തതെല്ലാം ദാവീദ് ശമുവേലിനെ അറിയിച്ചു. പിന്നെ അവരിരുവരും നയ്യോത്തിലേക്കുപോയി അവിടെ താമസിച്ചു.