വ്യാജ ഉപദേഷ്ടാക്കളെപ്പറ്റി മുന്നറിയിപ്പ്
3 ഞാൻ മക്കദോന്യയിലേക്കു പോകുമ്പോൾ നിർബന്ധപൂർവം നിർദേശിച്ചതുപോലെ, നീ എഫേസോസിൽ താമസിക്കുക. അവിടെ വ്യാജ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നവരോട് അതിൽ തുടരരുത് എന്നും 4 തർക്കങ്ങൾക്കുമാത്രം വഴിതെളിക്കുന്ന കെട്ടുകഥകളിലും അനന്തമായ വംശാവലികളിലും ശ്രദ്ധചെലുത്തരുതെന്നും കൽപ്പിക്കണം. ഇവയെല്ലാം അനാവശ്യ വാദപ്രതിവാദങ്ങൾ ഉളവാക്കുന്നവയാണ്; വിശ്വാസത്തിലുള്ള ദൈവികശുശ്രൂഷയ്ക്ക് ഉപകരിക്കുന്നതുമല്ല. 5 ഞാൻ നൽകുന്ന ഈ നിർദേശത്തിന്റെ ഉദ്ദേശ്യമോ നിർമലഹൃദയം, ശുദ്ധമനസ്സാക്ഷി, കാപട്യമില്ലാത്തവിശ്വാസം ഇവയിൽനിന്ന് ഉത്ഭവിക്കുന്ന സ്നേഹംതന്നെ. 6 ചിലർ ഇവയിൽനിന്നു വ്യതിചലിച്ച്, അർഥരഹിതമായ വാദങ്ങളിൽ ഏർപ്പെടുന്നു. 7 അവർ വേദോപദേഷ്ടാക്കൾ ആകാൻ ആഗ്രഹിക്കുന്നു എങ്കിലും അവർ പറയുന്നതും സ്ഥാപിക്കാൻ ശ്രമിക്കുന്നതുമായ തത്ത്വങ്ങൾ അവർക്കുതന്നെ പൂർണനിശ്ചയമില്ലാത്തവയുമാണ്.