ആശ്വാസദായകനായ ദൈവം
3 കരുണാസമ്പന്നനായ പിതാവും സർവ ആശ്വാസങ്ങളുടെയും ദാതാവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം വാഴ്ത്തപ്പെട്ടവൻ! 4 ഞങ്ങൾക്കുണ്ടാകുന്ന സകലകഷ്ടതകളിലും അവിടന്നു ഞങ്ങളെ ആശ്വസിപ്പിക്കുന്നു. അതുകൊണ്ട് ഞങ്ങളും ഏതുതരം കഷ്ടതയിൽ ആയിരിക്കുന്നവരെയും ദൈവത്തിൽനിന്നു ലഭിച്ചിരിക്കുന്ന ആശ്വാസത്താൽ, ആശ്വസിപ്പിക്കാൻ പ്രാപ്തരായിരിക്കുന്നു. 5 അങ്ങനെ, ക്രിസ്തു നിമിത്തമുള്ള കഷ്ടതകൾ ഞങ്ങളിൽ വർധിച്ചുവരുന്നതുപോലെ ക്രിസ്തുവിൽനിന്നു ലഭിക്കുന്ന ആശ്വാസവും ഞങ്ങളിൽ വർധിച്ചുവരുന്നു. 6 ഞങ്ങൾ ഇപ്പോൾ കഷ്ടം സഹിക്കുന്നെങ്കിൽ അത് നിങ്ങൾക്ക് ആശ്വാസം ലഭിക്കേണ്ടതിനും നിങ്ങൾ രക്ഷപ്രാപിക്കേണ്ടതിനുംവേണ്ടിയാണ്. ഞങ്ങൾക്ക് ആശ്വാസം ലഭിക്കുന്നെങ്കിൽ അതുനിമിത്തം നിങ്ങൾക്കും ആശ്വാസം ലഭിക്കുകതന്നെ ചെയ്യും. അങ്ങനെ, ഞങ്ങൾ സഹിക്കുന്ന അതേ കഷ്ടതകൾ സഹിക്കാനുള്ള സഹനശക്തി നിങ്ങൾക്കും ഉണ്ടാകും. 7 ഞങ്ങൾ അനുഭവിച്ച കഷ്ടതകളിൽ നിങ്ങൾ പങ്കാളികളായതുപോലെ ഞങ്ങൾ അനുഭവിച്ച ആശ്വാസത്തിലും നിങ്ങൾ പങ്കാളികളാകും. ഈ അറിവ് നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രത്യാശ ഉറപ്പാക്കുന്നു.