8 എന്നാൽ പ്രിയരേ, ഈ ഒരു യാഥാർഥ്യം നിങ്ങൾ വിസ്മരിക്കരുത്: കർത്താവിന് ഒരു ദിവസം ആയിരം വർഷംപോലെയും ആയിരം വർഷം ഒരു ദിവസംപോലെയും ആകുന്നു. 9 അവിടത്തെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കർത്താവ് കാലവിളംബം വരുത്തുന്നില്ല; അവിടന്ന് നിങ്ങളോട് ദീർഘക്ഷമ കാണിക്കുകയാണ്. ഒരു വ്യക്തിപോലും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്ക് വരണമെന്നാണ് അവിടത്തെ ആഗ്രഹം.
10 എന്നാൽ, കർത്താവിന്റെ ദിവസം വരുന്നത് കള്ളന്റെ വരവുപോലെ അപ്രതീക്ഷിതമായിരിക്കും. അതിഭീകരശബ്ദത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലപദാർഥങ്ങൾ അഗ്നിയിൽ കത്തിയമരും. ഭൂമിയും അതിലുള്ള സർവതും ഭസ്മീകൃതമാകും.3:10 ചി.കൈ.പ്ര. ന്യായവിധിക്ക് വിധേയമാകും എന്നും ശൂന്യമായിത്തീരും എന്നും കാണുന്നു.
11 സർവതും ഇങ്ങനെ നശിച്ചുപോകാൻ ഉള്ളതായതിനാൽ ആസന്നമായ ദൈവദിവസത്തിനായി കാത്തിരുന്നും അതിനെ ത്വരിതപ്പെടുത്തിയും വിശുദ്ധിയും ദൈവഭയവുമുള്ള ജീവിതം നിങ്ങൾ നയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്! 12 ആകാശം അഗ്നിക്കിരയായി നശിക്കും. മൂലകങ്ങൾ ഉഗ്രതാപത്തിൽ ഉരുകിപ്പോകും. 13 നാമോ, അവിടത്തെ വാഗ്ദാനം അനുസരിച്ച്, നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.