നയമാൻ കുഷ്ഠരോഗത്തിൽനിന്ന് സൗഖ്യംപ്രാപിക്കുന്നു
1 നയമാൻ അരാംരാജാവിന്റെ സൈന്യാധിപനായിരുന്നു. അദ്ദേഹം മുഖാന്തരം യഹോവ അരാമിനു വിജയം നൽകിയിരുന്നതിനാൽ തന്റെ യജമാനന്റെ ദൃഷ്ടിയിൽ അദ്ദേഹം മഹാനും ബഹുമാന്യനുമായിത്തീർന്നു. നയമാൻ പരാക്രമശാലിയെങ്കിലും കുഷ്ഠരോഗിയായിരുന്നു.5:1 ത്വക്കിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് കുഷ്ഠം എന്നതിനുപയോഗിക്കുന്ന എബ്രായപദം ഉപയോഗിച്ചിരുന്നു.
2 അരാമിൽനിന്നുള്ള കവർച്ചപ്പടകൾ വന്നിരുന്നപ്പോൾ അവർ ഇസ്രായേലിൽനിന്ന് ഒരു ബാലികയെ അടിമയായി പിടിച്ചുകൊണ്ടുപോയിരുന്നു. അവൾ നയമാന്റെ ഭാര്യയുടെ പരിചാരികയായിത്തീർന്നു. 3 "എന്റെ യജമാനൻ ശമര്യയിലെ പ്രവാചകനെ ഒന്നു ചെന്നു കണ്ടിരുന്നെങ്കിൽ! അദ്ദേഹം യജമാനന്റെ കുഷ്ഠരോഗം സൗഖ്യമാക്കുമായിരുന്നു," എന്ന് അവൾ തന്റെ യജമാനത്തിയോടു പറഞ്ഞു.
4 നയമാൻ തന്റെ യജമാനനെ സമീപിച്ച് ഇസ്രായേൽക്കാരി പെൺകുട്ടി പറഞ്ഞ വിവരം അറിയിച്ചു. 5 "നീ പോയിവരിക," അരാംരാജാവ് പറഞ്ഞു. "ഞാൻ ഇസ്രായേൽരാജാവിന് ഒരു കത്തു തരാം." അങ്ങനെ തന്റെ കൈവശം പത്തു താലന്തു5:5 ഏക. 340 കി.ഗ്രാം. വെള്ളിയും ആറായിരം ശേക്കേൽ5:5 ഏക. 69 കി.ഗ്രാം. സ്വർണവും പത്തുകൂട്ടം വസ്ത്രവും എടുത്തുകൊണ്ട് നയമാൻ പുറപ്പെട്ടു. 6 ഇസ്രായേൽരാജാവിനെ ഏൽപ്പിക്കാനായി അരാംരാജാവെഴുതിയ കത്തും അദ്ദേഹം എടുത്തിരുന്നു. "ഈ കത്തുമായി വരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം അങ്ങു മാറ്റിക്കൊടുക്കാനായി ഞാൻ അയാളെ അയയ്ക്കുന്നു," എന്ന് അതിൽ എഴുതിയിരിക്കുന്നു.
7 ഇസ്രായേൽരാജാവ് ആ കത്തു വായിച്ച ഉടൻ വസ്ത്രംകീറി, "ഞാൻ ദൈവമോ? ജീവൻ എടുക്കാനും കൊടുക്കാനും എനിക്കു കഴിയുമോ? കുഷ്ഠം മാറ്റിക്കൊടുക്കുന്നതിനായി ഒരുവനെ എന്റെ അടുത്തേക്ക് എന്തിനാണ് ഈ മനുഷ്യൻ അയച്ചിരിക്കുന്നത്? അയാൾ എന്നോട് ഒരു ശണ്ഠയ്ക്കുള്ള കാരണം തേടുന്നത് ഏതുവിധമെന്നു നോക്കുക!" എന്നു പറഞ്ഞു.
8 ഇസ്രായേൽരാജാവ് വസ്ത്രം കീറിയെന്ന് ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ അദ്ദേഹം രാജാവിന് ഒരു സന്ദേശം കൊടുത്തയച്ചു: "എന്തിന് അങ്ങു സ്വന്തവസ്ത്രം കീറി? ആ മനുഷ്യൻ എന്റെ അടുക്കൽ വരട്ടെ, അപ്പോൾ ഇസ്രായേലിൽ ഒരു പ്രവാചകനുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലാകും." 9 അങ്ങനെ നയമാൻ തന്റെ കുതിരകളും രഥങ്ങളുമായി ചെന്ന് എലീശയുടെ വീടിന്റെ പടിവാതിൽക്കൽ നിന്നു. 10 "താങ്കൾ പോയി യോർദാനിൽ ഏഴുപ്രാവശ്യം മുങ്ങുക; അപ്പോൾ താങ്കളുടെ ശരീരം പഴയതുപോലെയായി, താങ്കൾ ശുദ്ധനായിത്തീരും," എന്നു പറയാൻ എലീശാ ഒരു സന്ദേശവാഹകനെ അയച്ചു.
11 പക്ഷേ, നയമാൻ കോപാകുലനായി അവിടെനിന്നു യാത്രയായി. "അദ്ദേഹം ഇറങ്ങിവന്ന് എന്റെ അടുക്കൽ നിൽക്കുമെന്നും, തന്റെ ദൈവമായ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുമെന്നും, കുഷ്ഠം ബാധിച്ച ശരീരഭാഗങ്ങൾക്കുമീതേ കൈവീശി എന്റെ കുഷ്ഠരോഗം സൗഖ്യമാക്കുമെന്നും ഞാൻ വിചാരിച്ചിരുന്നു. 12 ദമസ്കോസിലെ നദികളായ അബാനയും പർപ്പരും ഇസ്രായേലിലുള്ള ഏതു വെള്ളത്തെക്കാളും മെച്ചമായതല്ലേ? എനിക്ക് അവയിൽ കുളിച്ചു ശുദ്ധനായിക്കൂടേ?" എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ക്രോധത്തോടെ അദ്ദേഹം സ്ഥലംവിട്ടു.
13 നയമാന്റെ ഭൃത്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് അദ്ദേഹത്തോട്: "പിതാവേ, പ്രവാചകൻ വലിയൊരുകാര്യം ചെയ്യാൻ അങ്ങയോടു പറഞ്ഞിരുന്നെങ്കിൽ അങ്ങ് അതു ചെയ്യുമായിരുന്നില്ലേ? കുളിച്ചു ശുദ്ധനാകുക എന്ന് അദ്ദേഹം പറയുമ്പോൾ എത്രയധികം സന്തോഷപൂർവം അതു ചെയ്യേണ്ടതാണ്" എന്നു ചോദിച്ചു. 14 അതിനാൽ ദൈവപുരുഷൻ പറഞ്ഞതുപോലെ അദ്ദേഹം യോർദാനിൽ പോയി ഏഴുപ്രാവശ്യം മുങ്ങി. അദ്ദേഹത്തിന്റെ ശരീരം പൂർവസ്ഥിതിയിലായി; ഒരു ചെറുബാലന്റെ ശരീരംപോലെ അത് ഓജസ്സുള്ളതായി; രോഗവിമുക്തമായിത്തീർന്നു.