കോടാലി ജലത്തിൽ പൊന്തിവരുന്നു
1 പ്രവാചകശിഷ്യന്മാർ എലീശയോട്: "നമ്മൾ ഒരുമിച്ചുകൂടുന്ന ഈ സ്ഥലം വളരെ ഇടുങ്ങിയതാണ്. 2 ഞങ്ങൾ യോർദാനിലേക്കു ചെന്ന് ഓരോരുത്തനും ഓരോ മരം വെട്ടിക്കൊണ്ടുവന്ന് നമ്മൾക്ക് ഒരുമിച്ചുകൂടുന്നതിന് ഒരിടം ഉണ്ടാക്കാം" എന്നു പറഞ്ഞു.
"പൊയ്ക്കൊള്ളൂ," പ്രവാചകൻ അനുവാദം നൽകി.
3 "ദയചെയ്ത് അടിയങ്ങളോടുകൂടെ അങ്ങും പോരുമോ!" അവരിൽ ഒരുവൻ ചോദിച്ചു.
"പോരാം," എന്ന് എലീശാ മറുപടികൊടുത്തു. 4 അങ്ങനെ അദ്ദേഹം അവരോടൊപ്പംപോയി.
അവർ യോർദാൻ നദിക്കരികിൽ ചെന്ന് മരം വെട്ടാൻ തുടങ്ങി. 5 അവരിൽ ഒരുവൻ മരം വെട്ടിക്കൊണ്ടിരിക്കെ, കോടാലി ഊരി വെള്ളത്തിൽ വീണു. "അയ്യോ! യജമാനനേ, ഞാനതു വായ്പ വാങ്ങിയതായിരുന്നു!" എന്ന് അയാൾ നിലവിളിച്ചു.
6 "അത് എവിടെയാണു വീണത്?" ദൈവപുരുഷൻ ചോദിച്ചു. അയാൾ അദ്ദേഹത്തെ ആ സ്ഥലം കാണിച്ചുകൊടുത്തപ്പോൾ എലീശാ ഒരു കമ്പുവെട്ടി അവിടേക്കെറിഞ്ഞു; കോടാലി പൊന്തിവന്നു. 7 "അതെടുത്തുകൊള്ളൂ," എന്ന് അദ്ദേഹം ആജ്ഞാപിച്ചു. ആ മനുഷ്യൻ കൈനീട്ടി അതെടുത്തു.