3 ആരും ഒരുവിധത്തിലും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്. വിശ്വാസത്യാഗം സംഭവിക്കുകയും, തുടർന്ന് നിയമരാഹിത്യത്തിന്റെ മൂർത്തീമദ്ഭാവമായ വിനാശപുത്രൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിനുമുമ്പ് കർത്താവിന്റെ ദിവസം വരികയില്ല! 4 ദൈവം എന്നും ആരാധ്യം എന്നും വിളിക്കപ്പെടുന്ന എല്ലാറ്റിനെയും അയാൾ ഉപരോധിക്കുകയും അവക്കെല്ലാം മീതേ സ്വയം ഉയർത്തി താൻതന്നെയാണ് ദൈവം എന്നവകാശപ്പെട്ട് ദൈവാലയത്തിൽ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യും.
5 ഞാൻ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ഈ കാര്യങ്ങൾ പറഞ്ഞത് ഓർക്കുന്നില്ലേ? 6 നിയമിക്കപ്പെട്ട സമയത്തുമാത്രം പ്രത്യക്ഷപ്പെടാനായി ഇപ്പോൾ അയാളെ തടഞ്ഞു നിർത്തുന്നത് എന്താണെന്ന് നിങ്ങൾക്കറിയാം. 7 നിയമരാഹിത്യം ഇപ്പോൾത്തന്നെ നിഗൂഢമായി പ്രവർത്തനനിരതമാണ്. ഇപ്പോൾ അതിന്റെ പ്രവൃത്തിയെ തടഞ്ഞു നിർത്തുന്ന ആൾ വഴിമധ്യേനിന്നു മാറുമ്പോൾമാത്രമേ അതു പ്രത്യക്ഷപ്പെടുകയുള്ളൂ. 8 അപ്പോൾ ആ വിനാശപുത്രൻ പ്രത്യക്ഷപ്പെടും; അയാളെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ നിഷ്കാസനംചെയ്ത് അവിടത്തെ പ്രത്യക്ഷതയുടെ തേജസ്സിൽ ഉന്മൂലനംചെയ്യും.