11 പിന്നീട്, സ്വർഗം തുറക്കപ്പെട്ടിരിക്കുന്നതു ഞാൻ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്നയാൾ വിശ്വസ്തൻ എന്നും സത്യവാൻ എന്നും വിളിക്കപ്പെടുന്നു. അദ്ദേഹം ന്യായംവിധിക്കുന്നതും അടരാടുന്നതും നീതിയോടെയായിരിക്കും. 12 അദ്ദേഹത്തിന്റെ കണ്ണുകൾ അഗ്നിജ്വാലയ്ക്കു സമാനമായിരുന്നു. ശിരസ്സിൽ അനേകം കിരീടങ്ങളും ധരിച്ചിരുന്നു; മറ്റാർക്കും അറിയാൻ കഴിയാത്ത എഴുതപ്പെട്ട ഒരു നാമം അദ്ദേഹത്തിനുണ്ട്. 13 രക്തത്തിൽ മുക്കിയെടുത്ത ഒരു വസ്ത്രം അദ്ദേഹം ധരിച്ചിരിക്കുന്നു; ദൈവവചനം എന്നാകുന്നു അദ്ദേഹത്തിന്റെ നാമധേയം. 14 ശുദ്ധവും ശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം ധരിച്ച സ്വർഗീയസൈന്യങ്ങൾ വെള്ളക്കുതിരകളിന്മേൽ അദ്ദേഹത്തെ അനുഗമിച്ചു. 15 ജനതകളെ വെട്ടിവീഴ്ത്താൻവേണ്ടി മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്നു പുറപ്പെടുന്നു. "ഇരുമ്പു ചെങ്കോൽകൊണ്ട് അദ്ദേഹം അവരെ ഭരിക്കും."19:15 സങ്കീ. 2:9 സർവശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധം എന്ന മുന്തിരിച്ചക്ക് അദ്ദേഹം ചവിട്ടിമെതിക്കുന്നു.
16 രാജാധിരാജാവ്, കർത്താധികർത്താവ്,
എന്ന നാമം അദ്ദേഹത്തിന്റെ വസ്ത്രത്തിന്മേലും തുടയിന്മേലും ആലേഖനംചെയ്തിരിക്കുന്നു.