9 രാത്രിയിൽ, "മക്കദോന്യയിലേക്കു വന്നു ഞങ്ങളെ സഹായിക്കണമേ" എന്ന് ഒരു മക്കദോന്യക്കാരൻ നിന്നു യാചിക്കുന്നതായി പൗലോസിന് ഒരു ദർശനമുണ്ടായി. 10 ദർശനത്തെത്തുടർന്ന്, മക്കദോന്യരോടു സുവിശേഷം പ്രസംഗിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് ഞങ്ങൾക്കു ബോധ്യമായി; അവിടേക്കു യാത്രതിരിക്കാൻ ഞങ്ങൾ ഉടനെ ഒരുങ്ങി.
ലുദിയായുടെ മാനസാന്തരം
11 ഞങ്ങൾ ത്രോവാസിൽനിന്ന് കപ്പലിൽ യാത്രചെയ്ത് നേരേ സമൊത്രെസ് ദ്വീപിലേക്കും പിറ്റേന്നാൾ നവപൊലിയിലേക്കും പോയി. 12 അവിടെനിന്നു ഫിലിപ്പിയയിലേക്ക് യാത്രചെയ്തു. അത് ഒരു റോമൻ കോളനിയും മക്കദോന്യപ്രവിശ്യയിലെ ഒരു പ്രമുഖ നഗരവും ആയിരുന്നു. അവിടെ ഞങ്ങൾ കുറെനാൾ താമസിച്ചു.