ക്രിസ്തു പരമോന്നതൻ
15 ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും
സകലസൃഷ്ടിക്കും അധീശനും1:15 മൂ.ഭാ. സർവത്തിനും മുമ്പേയുള്ള ആദ്യജാതൻ ആകുന്നു.
16 സ്വർഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യമായതും അദൃശ്യമായതും
സിംഹാസനങ്ങളും കർത്തൃത്വങ്ങളും വാഴ്ചകളും അധികാരങ്ങളും
എല്ലാം ക്രിസ്തുവിനാൽ സൃഷ്ടിക്കപ്പെട്ടു;
സകലതും ക്രിസ്തുമുഖേനയും ക്രിസ്തുവിനായിട്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
17 അവിടന്ന് എല്ലാറ്റിനും മുമ്പേ ഉള്ളവൻ;
സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്.
18 അവിടന്ന് സഭയെന്ന ശരീരത്തിന്റെ ശിരസ്സ് ആകുന്നു.
അവിടന്ന് സകലത്തിലും ഒന്നാമനാകേണ്ടതിന് ആരംഭവും
മരിച്ചവരിൽനിന്ന് എഴുന്നേറ്റവരിൽ
ഏറ്റവും പ്രമുഖനും ആകുന്നു.
19 ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും
20 അവിടന്ന് ക്രൂശിൽ ചൊരിഞ്ഞ രക്തം മുഖാന്തരം സമാധാനം ഉണ്ടാക്കി,
ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ ആയ സകലത്തെയും
തന്നോടു ക്രിസ്തുമൂലം അനുരഞ്ജിപ്പിക്കാനും ദൈവത്തിനു തിരുഹിതം തോന്നി.