24 "അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പാപത്തിനു വിരാമംകുറിക്കുന്നതിനും അനീതിക്കു പ്രായശ്ചിത്തം ചെയ്യുന്നതിനും അനന്തമായ നീതി സ്ഥാപിക്കുന്നതിനും ദർശനവും പ്രവചനവും മുദ്രയിടുന്നതിനും അതിവിശുദ്ധസ്ഥലത്തെ9:24 അഥവാ, അതിവിശുദ്ധമായവനെ അഭിഷേകം ചെയ്യുന്നതിനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ‘ഏഴുകൾ’9:24 അഥവാ, ആഴ്ചകൾ, വാ. 25, 26 കാണുക. നിയമിച്ചിരിക്കുന്നു.
25 "അതുകൊണ്ട് ഇത് അറിയുകയും മനസ്സിലാക്കുകയുംചെയ്യുക: ജെറുശലേമിനെ പുനരുദ്ധരിച്ചു പുനർനിർമിക്കാൻ കൽപ്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായ ഭരണാധിപന്റെ വരവുവരെ9:25 അഥവാ, പ്രഭുവായ മശീഹാവരെ ഏഴ് ‘ഏഴുകളും’ അറുപത്തിരണ്ട് ‘ഏഴുകളും’ ഉണ്ടായിരിക്കും. അതു കഷ്ടതയുടെ കാലത്തുതന്നെ തെരുവീഥികളും കിടങ്ങുകളുമായി പുനർനിർമിക്കപ്പെടും. 26 അറുപത്തിരണ്ട് ‘ഏഴുകൾ’ ക്കുശേഷം അഭിഷിക്തൻ വധിക്കപ്പെടും; തനിക്കുവേണ്ടി അല്ലതാനും. വരാനിരിക്കുന്ന ഭരണാധിപന്റെ ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും. അതിന്റെ അവസാനം ഒരു പ്രളയംപോലെ കടന്നുവരും: അന്ത്യംവരെയും യുദ്ധങ്ങൾ തുടരും. വിനാശം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 27 ഒരു ‘ഏഴു’9:27 അഥവാ, ആഴ്ച കാലത്തേക്ക് അദ്ദേഹം പലരോടും ഉടമ്പടി ചെയ്യും. ‘ഏഴിന്റെ’ മധ്യത്തിൽ അദ്ദേഹം ദഹനയാഗവും ഭോജനയാഗവും നിർത്തലാക്കും. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അന്ത്യം അദ്ദേഹത്തിന്റെമേൽ വർഷിക്കുന്നതുവരെ എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത ദൈവാലയത്തിൽ9:27 മൂ.ഭാ. ചിറകിന്മേൽ അദ്ദേഹം സ്ഥാപിക്കും."