ക്രിസ്തുവിലുള്ള ആത്മികാനുഗ്രഹങ്ങൾ
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 4 തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു. 5 ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു. 6 ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു.