12 യഹോവ മോശയോട് അരുളിച്ചെയ്തു, "വെട്ടുക്കിളികൾ വന്നു ദേശത്തെ മൂടി, വയലിൽ വളരുന്നതെല്ലാം, കന്മഴ കഴിഞ്ഞു ശേഷിക്കുന്ന സകലതും തിന്നുകളയേണ്ടതിന് നിന്റെ കൈ ഈജിപ്റ്റിന്മേൽ നീട്ടുക."
13 മോശ ഈജിപ്റ്റിനുമീതേ തന്റെ വടിനീട്ടി. യഹോവ അന്നു പകലും രാത്രിയും ദേശത്തുകൂടി ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു. നേരം പുലർന്നപ്പോൾ കിഴക്കൻകാറ്റു വെട്ടുക്കിളികളെ വരുത്തിയിരുന്നു. 14 അവ ഈജിപ്റ്റിനെ മുഴുവൻ ആക്രമിച്ച്, ദേശത്ത് അത്യധികമായി വ്യാപിച്ചു. അതുപോലുള്ള വെട്ടുക്കിളിശല്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല, ഇനിയൊരിക്കലും ഉണ്ടാകുകയുമില്ല. 15 അവ ദേശംമുഴുവൻ മൂടിയതുകൊണ്ട് എല്ലായിടവും ഇരുണ്ടുപോയി. കന്മഴ ശേഷിപ്പിച്ചിരുന്നതെല്ലാം—വയലിലെ സസ്യങ്ങളും വൃക്ഷങ്ങളിലെ കായ്കളും എല്ലാം—അവ തിന്നുതീർത്തു. ഈജിപ്റ്റുദേശത്ത് ഒരിടത്തും, വൃക്ഷങ്ങളിലോ സസ്യങ്ങളിലോ പച്ചയായതൊന്നും ശേഷിച്ചില്ല.