മോശയുടെ ജനനം
1 ഈ സമയം ലേവിഗോത്രത്തിൽപ്പെട്ട ഒരു പുരുഷൻ ഒരു ലേവ്യസ്ത്രീയെ വിവാഹംചെയ്തു; 2 അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അഴകുള്ള ഒരു കുട്ടിയാണ് എന്നു കണ്ടിട്ട് അവൾ അവനെ മൂന്നുമാസം ഒളിപ്പിച്ചുവെച്ചു. 3 എന്നാൽ അവനെ ഒളിപ്പിച്ചുവെക്കാൻ ഒട്ടും കഴിയാതായപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി അതിന്മേൽ പശയും കീലും തേച്ച്, കുട്ടിയെ അതിൽ കിടത്തി, നൈൽനദീതീരത്തു ഞാങ്ങണകൾക്കിടയിൽ വെച്ചു. 4 അവന് എന്തു സംഭവിക്കുമെന്നു നോക്കിക്കൊണ്ട്, ശിശുവിന്റെ സഹോദരി കുറച്ചകലെ മാറിനിന്നു.
5 ഉടനെതന്നെ ഫറവോന്റെ പുത്രി നദിയിൽ കുളിക്കാൻ വന്നു. അവളുടെ പരിചാരികമാർ നദിക്കരയിലൂടെ നടക്കുകയായിരുന്നു. അവൾ ആ പെട്ടകം ഞാങ്ങണകൾക്കിടയിൽ കണ്ടിട്ട് അതെടുക്കാൻ തന്റെ ദാസിയെ അയച്ചു. 6 അവൾ അതു തുറന്നപ്പോൾ കുട്ടിയെ കണ്ടു. കുട്ടി കരയുകയായിരുന്നു. അവൾക്ക് അവനോടു സഹതാപം തോന്നി. "ഇത് എബ്രായശിശുക്കളിൽ ഒന്നാണ്," അവൾ പറഞ്ഞു.
7 അപ്പോൾ ആ ശിശുവിന്റെ സഹോദരി ഫറവോന്റെ പുത്രിയോട്, "നിങ്ങൾക്കുവേണ്ടി ഈ കുഞ്ഞിനെ പരിചരിക്കാൻ ഞാൻ ചെന്ന് ഒരു എബ്രായസ്ത്രീയെ കൊണ്ടുവരട്ടെയോ?" എന്നു ചോദിച്ചു.
8 "ഉവ്വ്, പൊയ്ക്കൊൾക," ഫറവോന്റെ പുത്രി മറുപടി പറഞ്ഞു. അതനുസരിച്ച് പെൺകുട്ടി ചെന്ന്, അവന്റെ അമ്മയെ കൂട്ടിക്കൊണ്ടുവന്നു. 9 ഫറവോന്റെ പുത്രി അവളോട്, "എനിക്കുവേണ്ടി ഈ കുഞ്ഞിനെ കൊണ്ടുപോയി മുലയൂട്ടിവളർത്തുക; നിന്റെ സേവനത്തിനു ഞാൻ പ്രതിഫലം തരാം" എന്നു പറഞ്ഞു. അങ്ങനെ ആ സ്ത്രീ പൈതലിനെ കൊണ്ടുപോയി വളർത്തി. 10 കുട്ടി വളർന്നപ്പോൾ, അവൾ അവനെ ഫറവോന്റെ മകളുടെ അടുക്കൽ കൊണ്ടുവന്നു; അവൻ രാജകുമാരിയുടെ മകനായിത്തീർന്നു. "ഞാൻ ഇവനെ വെള്ളത്തിൽനിന്ന് എടുത്തു," എന്നു പറഞ്ഞ് ആ രാജകുമാരി അവന് മോശ എന്നു പേരിട്ടു.