ബെസലേലും ഒഹൊലീയാബും
1 യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: 2 "ഇതാ, യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ ഞാൻ പേരുചൊല്ലി വിളിച്ചിരിക്കുന്നു. 3 ഞാൻ അവനെ ദൈവാത്മാവിനാൽ നിറച്ച്, എല്ലാവിധ കരകൗശലപ്പണികളിലും വൈദഗ്ദ്ധ്യവും പ്രാപ്തിയും ജ്ഞാനവും നൽകിയിരിക്കുന്നു. 4 സ്വർണം, വെള്ളി, വെങ്കലം എന്നിവയിൽ കലാചാതുരിയോടെ പണികൾ ചെയ്യാനും 5 രത്നങ്ങൾ വെട്ടിപ്പതിക്കാനും മരത്തിൽ കൊത്തുപണികൾ ചെയ്യാനും അങ്ങനെ സകലവിധമായ കരകൗശലപ്പണികൾ ചെയ്യാനും ഞാൻ അവനെ വിളിച്ചിരിക്കുന്നു. 6 മാത്രമല്ല, ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിനെ ഞാൻ അവനു സഹായിയായി നിയമിച്ചിരിക്കുന്നു.
"ഞാൻ നിന്നോടു കൽപ്പിച്ച എല്ലാ പണികളും ചെയ്യുന്നതിന് എല്ലാ വിദഗ്ദ്ധന്മാരുടെ ഹൃദയങ്ങളിലും ഞാൻ പ്രത്യേക കഴിവ് നൽകിയിരിക്കുന്നു.