യിസ്ഹാക്കും അബീമെലെക്കും
1 അബ്രാഹാമിന്റെ കാലത്തുണ്ടായ ക്ഷാമത്തിനുപുറമേ, ദേശത്തു പിന്നെയും ക്ഷാമം ഉണ്ടായി. യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമെലെക്കിന്റെ അടുക്കൽ ചെന്നു. 2 യഹോവ യിസ്ഹാക്കിനു പ്രത്യക്ഷനായി അദ്ദേഹത്തോട് "നീ ഈജിപ്റ്റിലേക്ക് പോകരുത്; ഞാൻ നിന്നോടു പാർക്കാൻ പറയുന്ന ദേശത്തുതന്നെ പാർക്കുക. 3 കുറെ കാലത്തേക്ക് ഈ ദേശത്തുതന്നെ ഒരു പ്രവാസിയെപ്പോലെ താമസിക്കുക; ഞാൻ നിന്നോടുകൂടെയിരിക്കുകയും നിന്നെ അനുഗ്രഹിക്കുകയും ചെയ്യും. ഈ ദേശങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പിൻഗാമികൾക്കും തരും; അങ്ങനെ, നിന്റെ പിതാവായ അബ്രാഹാമിനോടു ചെയ്ത ശപഥം ഞാൻ ഉറപ്പാക്കും. 4,5 അബ്രാഹാം എന്നെ അനുസരിക്കുകയും എന്റെ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്തതുകൊണ്ട്, ഞാൻ നിന്റെ സന്തതിപരമ്പരയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമായി വർധിപ്പിച്ച് ഈ ദേശങ്ങളെല്ലാം അവർക്കു കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജനതകളും അനുഗ്രഹിക്കപ്പെടും" എന്ന് അരുളിച്ചെയ്തു. 6 അതുകൊണ്ട് യിസ്ഹാക്ക് ഗെരാരിൽ താമസിച്ചു.
7 ആ സ്ഥലത്തെ ആളുകൾ അദ്ദേഹത്തോട് തന്റെ ഭാര്യയെക്കുറിച്ചു ചോദിച്ചപ്പോൾ "അവൾ എന്റെ സഹോദരിയാകുന്നു" എന്ന് അദ്ദേഹം പറഞ്ഞു. "അവൾ എന്റെ ഭാര്യയാകുന്നു" എന്നു പറയാൻ അദ്ദേഹത്തിനു ഭയമായിരുന്നു. "റിബേക്ക സുന്ദരിയായതുകൊണ്ട് അവൾക്കുവേണ്ടി ഈ സ്ഥലത്തുള്ള പുരുഷന്മാർ എന്നെ കൊന്നുകളയും" എന്ന് അദ്ദേഹം ചിന്തിച്ചു.
8 യിസ്ഹാക്ക് അവിടെ താമസം തുടങ്ങിയിട്ട് ഏറെക്കാലം ആയിരുന്നു. ഒരിക്കൽ ഫെലിസ്ത്യരാജാവായ അബീമെലെക്ക് ഒരു ജനാലയിലൂടെ താഴേക്കു നോക്കിയപ്പോൾ യിസ്ഹാക്ക് തന്റെ ഭാര്യയായ റിബേക്കയെ ലാളിക്കുന്നതു കണ്ടു.