17 യഹോവ ആദാമിനോട് അരുളിച്ചെയ്തത്: "നീ നിന്റെ ഭാര്യയുടെ വാക്കു കേൾക്കുകയും ‘തിന്നരുത്’ എന്നു ഞാൻ കൽപ്പിച്ച വൃക്ഷത്തിന്റെ ഫലം തിന്നുകയും ചെയ്തതുകൊണ്ട്,
"നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു;
നിന്റെ ആയുഷ്കാലം മുഴുവൻ
കഷ്ടതയോടെ അതിൽനിന്ന് ഉപജീവനംകഴിക്കും.
18 ഭൂമി നിനക്കായി മുള്ളും ഞെരിഞ്ഞിലും മുളപ്പിക്കും,
നീ വയലിലെ സസ്യങ്ങൾ ഭക്ഷിക്കും.
19 മണ്ണിൽനിന്ന് നിന്നെ എടുത്തു;
മണ്ണിലേക്കു മടങ്ങുംവരെ
നിന്റെ നെറ്റിയിലെ വിയർപ്പുകൊണ്ട്
നീ ആഹാരം കഴിക്കും;
നീ പൊടിയാകുന്നു,
പൊടിയിലേക്കു നീ തിരികെച്ചേരും."