യേശു ഏഴു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു
1 അതിനുശേഷം തിബെര്യാസ് തടാകത്തിന്റെ21:1 തിബെര്യാസ്, ഗലീലാതടാകത്തിന്റെ മറ്റൊരുപേര് തീരത്തുവെച്ച് യേശു ശിഷ്യന്മാർക്കു വീണ്ടും പ്രത്യക്ഷനായി. അത് ഇപ്രകാരം ആയിരുന്നു: 2 ശിമോൻ പത്രോസും ദിദിമൊസ് എന്നു പേരുള്ള തോമസും ഗലീലയിലെ കാനായിൽനിന്നുള്ള നഥനയേലും സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും വേറെ രണ്ട് ശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു. 3 "ഞാൻ മീൻപിടിക്കാൻ പോകുന്നു," ശിമോൻ പത്രോസ് പറഞ്ഞു. "ഞങ്ങളും പോരുന്നു," എന്ന് കൂടെയുള്ളവരും പറഞ്ഞു. അങ്ങനെ അവർ, വള്ളത്തിൽ കയറി അവിടെനിന്നു പുറപ്പെട്ടു. എന്നാൽ ആ രാത്രിയിൽ അവർ ഒന്നും പിടിച്ചില്ല.
4 ഉഷസ്സായപ്പോൾ, യേശു തടാകതീരത്ത് നിന്നു. അത് യേശുവാണെന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞില്ല.
5 യേശു അവരോട്, "കുഞ്ഞുങ്ങളേ, മീനൊന്നുമില്ലേ?" എന്നു ചോദിച്ചു.
"ഇല്ല," എന്ന് അവർ മറുപടി പറഞ്ഞു.
6 "വള്ളത്തിന്റെ വലതുഭാഗത്തു വല ഇറക്കുക, അപ്പോൾ നിങ്ങൾക്കു കിട്ടും," എന്ന് യേശു പറഞ്ഞു. അവർ അങ്ങനെ ചെയ്തു. അപ്പോൾ അവർക്കു വല വലിച്ചുകയറ്റാൻപോലും കഴിയാത്തത്ര മീൻ ലഭിച്ചു.
7 യേശു സ്നേഹിച്ച ശിഷ്യൻ പത്രോസിനോട്, "അതു കർത്താവാകുന്നു" എന്നു പറഞ്ഞു. "അതു കർത്താവാകുന്നു" എന്നു കേട്ട ഉടനെ ശിമോൻ പത്രോസ്, താൻ നഗ്നനായിരുന്നതിനാൽ പുറംവസ്ത്രം അരയിൽ ചുറ്റി വെള്ളത്തിൽ ചാടി. 8 മറ്റേ ശിഷ്യന്മാർ മീൻ നിറഞ്ഞ വല വലിച്ചുകൊണ്ട് വള്ളത്തിൽ പിന്നാലെ ചെന്നു. അവർ കരയിൽനിന്ന് ഏകദേശം തൊണ്ണൂറു മീറ്റർ21:8 മൂ.ഭാ. ഏക. ഇരുനൂറുക്യുബിറ്റ് ദൂരത്തിലായിരുന്നു. 9 കരയ്ക്ക് ഇറങ്ങിയപ്പോൾ അവിടെ തീക്കനലുകൾകൂട്ടി അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.
10 യേശു അവരോട്, "ഇപ്പോൾ പിടിച്ച കുറെ മീൻ കൊണ്ടുവരിക." എന്നു പറഞ്ഞു. 11 ശിമോൻ പത്രോസ് വള്ളത്തിൽ കയറി വല കരയ്ക്കു വലിച്ചുകയറ്റി. നൂറ്റിയമ്പത്തിമൂന്ന് വലിയ മീൻകൊണ്ട് ആ വല നിറഞ്ഞിരുന്നു. അത്രയേറെ മത്സ്യം ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല!