ബേഥെസ്ദാ കുളക്കരയിലെ രോഗസൗഖ്യം
1 പിന്നീടൊരിക്കൽ യെഹൂദരുടെ ഒരു പെരുന്നാളിന് യേശു ജെറുശലേമിലേക്കു പോയി. 2 ജെറുശലേമിൽ ആട്ടിൻകവാടത്തിനു സമീപം അരാമ്യഭാഷയിൽ ബേഥെസ്ദാ5:2 ചി.കൈ.പ്ര. ബേഥ്സദാ, മറ്റുചിലതിൽ ബേഥ്സെയിദാ എന്ന് പേരുള്ള ഒരു കുളം ഉണ്ട്. അതിന് അഞ്ചു മണ്ഡപമുണ്ട്. 3 അവയിൽ അന്ധർ, മുടന്തർ, തളർവാതം പിടിപെട്ടവർ എന്നിങ്ങനെ അവശരായ പലരും വെള്ളം ഇളകുന്നതു കാത്തു കിടന്നിരുന്നു. 4 ഇടയ്ക്കിടയ്ക്ക് ഒരു ദൂതൻ ഇറങ്ങിവന്നു വെള്ളം കലക്കും. വെള്ളം കലങ്ങിയശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആൾ ഏതു രോഗംബാധിച്ച ആളായാലും സൗഖ്യംപ്രാപിക്കും.5:4 ചി.കൈ.പ്ര. വെള്ളം ഇളകുന്നതു കാത്ത്, എന്ന വാക്യഭാഗവും ഈ വാക്യവും കാണുന്നില്ല. 5 മുപ്പത്തിയെട്ടു വർഷമായി രോഗിയായിരുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു. 6 യേശു അയാളെ കണ്ട്, അയാൾ ഈ അവസ്ഥയിൽ ആയിട്ടു വളരെക്കാലമായെന്നു മനസ്സിലാക്കി, അയാളോട്, "സൗഖ്യമാകാൻ നിനക്ക് ആഗ്രഹമുണ്ടോ?" എന്നു ചോദിച്ചു.
7 "യജമാനനേ, വെള്ളം ഇളകുന്ന സമയത്ത് എന്നെ കുളത്തിൽ ഇറക്കാൻ എനിക്ക് ആരുമില്ല. ഞാൻ ഇറങ്ങാൻ ചെല്ലുമ്പോഴേക്ക് എനിക്കുമുമ്പേ മറ്റാരെങ്കിലും ഇറങ്ങുന്നു," രോഗിയായ ആൾ മറുപടി പറഞ്ഞു.
8 അപ്പോൾ യേശു അയാളോടു പറഞ്ഞു, "എഴുന്നേൽക്കുക! കിടക്കയെടുത്തു നടക്കുക!" എന്നു പറഞ്ഞു. 9 ഉടൻതന്നെ ആ മനുഷ്യൻ സൗഖ്യംപ്രാപിച്ചു; കിടക്കയെടുത്തു നടന്നു.
ഇതു സംഭവിച്ചത് ഒരു ശബ്ബത്തുദിവസമായിരുന്നു.5:9 യെഹൂദർ വിശുദ്ധദിവസമായും വിശ്രമദിവസമായും ആചരിച്ചുവന്ന ആഴ്ചയിലെ ഏഴാംദിവസമാണ് ശബ്ബത്ത്.