യേശു ജന്മനാ അന്ധനായ ഒരുവന് കാഴ്ചനൽകുന്നു
1 യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. 2 ശിഷ്യന്മാർ ചോദിച്ചു: "റബ്ബീ, ആർ പാപംചെയ്തിട്ടാണ് ഇവൻ അന്ധനായി ജനിച്ചത്? ഇവനോ ഇവന്റെ മാതാപിതാക്കളോ?"
3 മറുപടിയായി യേശു പറഞ്ഞു. "ഇവനോ ഇവന്റെ മാതാപിതാക്കളോ പാപംചെയ്തിട്ടല്ല; ഇവനിലൂടെ ദൈവത്തിന്റെ പ്രവൃത്തി പ്രത്യക്ഷമാകാനാണ്. 4 പകൽ ആയിരിക്കുന്നിടത്തോളം എന്നെ അയച്ചവന്റെ പ്രവർത്തനങ്ങൾ നാം തുടരേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കാൻ കഴിയാത്ത രാത്രി വരുന്നു. 5 ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശം ആകുന്നു."
6 ഇങ്ങനെ പറഞ്ഞശേഷം യേശു നിലത്തു തുപ്പി, ഉമിനീരുകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണുകളിൽ പുരട്ടി. 7 "നീ ചെന്നു ശീലോഹാം കുളത്തിൽ കഴുകുക," എന്ന് അവനോടു പറഞ്ഞു. (ശീലോഹാം എന്ന വാക്കിന് അയയ്ക്കപ്പെട്ടവൻ എന്നർഥം.) അങ്ങനെ ആ മനുഷ്യൻ പോയി, കണ്ണു കഴുകി, കാഴ്ചയുള്ളവനായി മടങ്ങിയെത്തി.