18 അയാളുടെ മാതാപിതാക്കളെ വരുത്തി അവരോടു ചോദിക്കുന്നതുവരെയും, അന്ധനായിരുന്നിട്ട് കാഴ്ച ലഭിച്ചത് ഈ മനുഷ്യനുതന്നെയെന്ന് യെഹൂദന്മാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. 19 അവരോട്, "ഇതു നിങ്ങളുടെ മകൻതന്നെയാണോ? ഇവൻ ജന്മനാ അന്ധനായിരുന്നോ? ഇപ്പോൾ എങ്ങനെയാണ് ഇവന് കാഴ്ച ലഭിച്ചത്?" എന്ന് അവർ ചോദിച്ചു.
20 അവന്റെ മാതാപിതാക്കൾ മറുപടി പറഞ്ഞു: "ഇവൻ ഞങ്ങളുടെ മകനാണ്, ഇവൻ ജനിച്ചതേ അന്ധനായിട്ടായിരുന്നു. 21 എന്നാൽ ഇപ്പോൾ ഇവനു കാഴ്ച ലഭിച്ചത് എങ്ങനെയെന്നോ, ഇവന്റെ കണ്ണുകൾ തുറന്നത് ആരെന്നോ ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അവനോടു ചോദിക്കുക. അവനു പ്രായമുണ്ടല്ലോ; അവൻതന്നെ പറയട്ടെ." 22 യെഹൂദനേതാക്കന്മാരെ ഭയന്നിട്ടാണ് മാതാപിതാക്കൾ ഇങ്ങനെ മറുപടി പറഞ്ഞത്; യേശുവിനെ ക്രിസ്തുവായി ആരെങ്കിലും അംഗീകരിച്ചാൽ അയാൾക്ക് പള്ളിയിൽനിന്ന് ഭ്രഷ്ട് കൽപ്പിക്കണമെന്ന് യെഹൂദർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. 23 അതുകൊണ്ടാണ്, "അവനു പ്രായമുണ്ടല്ലോ, അവനോടുതന്നെ ചോദിക്കുക" എന്ന് അവന്റെ മാതാപിതാക്കൾ പറഞ്ഞത്.