5 നിന്റെ ജീവിതകാലത്ത് ഒരിക്കലും ഒരുത്തനും നിന്റെനേരേ നിൽക്കുകയില്ല; ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയുമിരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല. 6 ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; കാരണം, ഇവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ഞാൻ വാഗ്ദത്തംചെയ്ത ദേശം ഈ ജനം കൈവശമാക്കേണ്ടതിനു നീ അവരെ നയിക്കുക.