18 ശിംശോൻ തന്റെ സകലരഹസ്യവും തന്നെ അറിയിച്ചു എന്നു ദലീല കണ്ടപ്പോൾ, അവൾ ഫെലിസ്ത്യപ്രഭുക്കന്മാർക്ക് ആളയച്ചു: "ഇന്നു വരിക, അദ്ദേഹം സകലവും എന്നെ അറിയിച്ചിരിക്കുന്നു" എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽവന്നു; വെള്ളിയും കൊണ്ടുവന്നിരുന്നു. 19 അവൾ അദ്ദേഹത്തെ മടിയിൽക്കിടത്തി ഉറക്കി, ഒരാളെ വിളിപ്പിച്ച് തലയിലെ ഏഴു ജടയും ക്ഷൗരംചെയ്തുനീക്കി. അങ്ങനെ അവൾ അദ്ദേഹത്തെ ഒതുക്കാൻ തുടങ്ങി; ശക്തി അദ്ദേഹത്തെ വിട്ടകന്നിരുന്നു.
20 പിന്നെ അവൾ വിളിച്ചുപറഞ്ഞു: "ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!"
ഉടനെ അദ്ദേഹം ഉറക്കമുണർന്നു. "ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞു രക്ഷപ്പെടും" എന്നു ചിന്തിച്ചു. എന്നാൽ, യഹോവ തന്നെ വിട്ടുപോയത് അദ്ദേഹം അറിഞ്ഞതേയില്ല.
21 ഫെലിസ്ത്യർ അയാളെ പിടിച്ച് കണ്ണ് ചൂഴ്ന്നെടുത്ത് ഗസ്സായിലേക്കു കൊണ്ടുപോയി. വെങ്കലച്ചങ്ങലകൊണ്ട് ബന്ധിച്ചു കാരാഗൃഹത്തിൽ ധാന്യം പൊടിക്കാനിരുത്തി. 22 ക്ഷൗരംചെയ്തുകളഞ്ഞ തലമുടിപോലെ അദ്ദേഹത്തിന്റെ തലമുടി വീണ്ടും വളർന്നുതുടങ്ങി.