ശിംശോന്റെ മരണം
23 പിന്നീട് ഫെലിസ്ത്യപ്രഭുക്കന്മാർ തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലിയർപ്പിച്ച് ഉത്സവം ആഘോഷിക്കാൻ ഒരുമിച്ചുകൂടി, "നമ്മുടെ ശത്രുവായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു" എന്നു പറഞ്ഞു.
24 ജനമെല്ലാം ശിംശോനെ കണ്ടപ്പോൾ തങ്ങളുടെ ദേവനെ പുകഴ്ത്തിക്കൊണ്ട് വിളിച്ചുപറഞ്ഞു:
"നമ്മുടെ ദേശം ശൂന്യമാക്കുകയും
നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത,
നമ്മുടെ ശത്രുവിനെ ഇതാ, നമ്മുടെ ദേവൻ
നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു."
25 അവർ ഇങ്ങനെ ആനന്ദത്തിലായപ്പോൾ, "നമ്മെ രസിപ്പിക്കാൻ ശിംശോനെ കൊണ്ടുവരിക" എന്നു പറഞ്ഞുകൊണ്ട് ശിംശോനെ കാരാഗൃഹത്തിൽനിന്ന് പുറത്തേക്കു കൊണ്ടുവന്നു. അയാൾ അവരുടെ മുന്നിൽ ഒരു കോമാളിയെപ്പോലെ പ്രകടനംനടത്തിക്കൊണ്ടിരുന്നു.
തൂണുകളുടെ മധ്യത്തിലായിരുന്നു അയാളെ നിർത്തിയിരുന്നത്. 26 തന്റെ കൈക്കു പിടിച്ചിരുന്ന ഭൃത്യനോട് ശിംശോൻ: "ഈ ക്ഷേത്രം ഉറപ്പിച്ചിരിക്കുന്ന തൂണുകളിൽ എന്നെ ഒന്നു തപ്പിനോക്കാൻ അനുവദിക്കുക, അപ്പോൾ എനിക്ക് അതിലൊന്നു ചാരിനിൽക്കാമല്ലോ" എന്നു പറഞ്ഞു. 27 ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകലഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ മേൽത്തട്ടിൽ പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരംപേർ ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്നു.