4 ലപ്പീദോത്തിന്റെ ഭാര്യയായ ദെബോറാ എന്ന പ്രവാചികയായിരുന്നു ആ കാലത്ത് ഇസ്രായേലിൽ ന്യായപാലനംചെയ്തിരുന്നത്. 5 അവൾ എഫ്രയീംപർവതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിലിരുന്ന് ന്യായപാലനം നടത്തിവന്നിരുന്നു. ഇസ്രായേൽജനം ന്യായവിസ്താരത്തിന് അവളുടെ അടുക്കൽചെല്ലും. 6 അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ നഫ്താലിദേശത്തുള്ള കേദേശയിൽനിന്നു വിളിപ്പിച്ച് അയാളോടു പറഞ്ഞു: "ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം കൽപ്പിക്കുന്നു: നീ നഫ്താലി, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നു യോദ്ധാക്കളായ പുരുഷന്മാരിൽ പതിനായിരംപേരെ കൂട്ടി താബോർ പർവതത്തിലേക്കു പോകുക; 7 ഞാൻ യാബീന്റെ സൈന്യാധിപൻ സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ കൊണ്ടുവന്ന് നിന്റെ കൈയിൽ ഏൽപ്പിക്കും."
8 ബാരാക്ക് അവളോട്: "നീ എന്നോടുകൂടെ വരാമെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകുകയില്ല" എന്നു പറഞ്ഞു.
9 അതിന് അവൾ, "ഞാൻ താങ്കളോടുകൂടെ പോരാം. എന്നാൽ, ഇത് താങ്കൾക്കു മഹത്ത്വം വരുത്തുകയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കും" എന്നു പറഞ്ഞു. അങ്ങനെ ദെബോറാ ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.