ധനികനും ലാസറും
19 "ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ എല്ലാ ദിവസവും ഊതവർണത്തിലും പട്ടിലും മറ്റുമുള്ള വസ്ത്രങ്ങൾ ധരിച്ച് സുഖഭോഗങ്ങളിലും ആഡംബരത്തിലും ജീവിച്ചുപോന്നു. 20,21 ദേഹം ആസകലം വ്രണങ്ങൾ നിറഞ്ഞ ലാസർ എന്നു പേരുള്ള ഒരു ദരിദ്രനെ ആ ധനികന്റെ പടിപ്പുരയ്ക്കൽ കിടത്തുമായിരുന്നു. ധനികന്റെ മേശയിൽനിന്ന് വീഴുന്ന അവശിഷ്ടങ്ങൾകൊണ്ടു വിശപ്പടക്കാൻ അയാൾ വളരെ കൊതിച്ചിരുന്നു. നായ്ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുകയും ചെയ്യുമായിരുന്നു.
22 "ആ ദരിദ്രൻ മരിച്ചപ്പോൾ ദൈവദൂതന്മാർ അയാളെ അബ്രാഹാമിന്റെ അടുത്തേക്കു കൊണ്ടുപോയി. ധനികനും മരിച്ചു; അടക്കപ്പെട്ടു. 23 പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ അയാൾ മുകളിലേക്കുനോക്കി, അങ്ങുദൂരെ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ അടുത്ത് ലാസറിനെയും കണ്ടു. 24 അയാൾ ഉറക്കെ വിളിച്ചു: ‘അബ്രാഹാംപിതാവേ, എന്നോടു കരുണതോന്നണമേ. ഞാൻ ഈ അഗ്നികുണ്ഡത്തിൽ അതിവേദന അനുഭവിക്കുന്നു. ലാസറിന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അയാളെ ഒന്നയയ്ക്കണമേ.’
25 "എന്നാൽ അബ്രാഹാം പ്രതിവചിച്ചു: ‘കുഞ്ഞേ, നീ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു, ലാസറിന്റെ ജീവിതമോ, ദുരിതപൂർണമായിരുന്നു എന്ന് ഓർക്കുക. എന്നാൽ, ഇപ്പോൾ ലാസർ ഇവിടെ ആശ്വാസമനുഭവിക്കുന്നു, നീയോ കഠിനവേദന അനുഭവിക്കുന്നു. 26 തന്നെയുമല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ വലിയൊരു പിളർപ്പു വെച്ചിരിക്കുന്നു; ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധ്യമല്ല; അവിടെനിന്ന് ആർക്കും ഞങ്ങളുടെ അടുത്തേക്കു വരാനും സാധ്യമല്ല.’
27 "അപ്പോൾ ധനികനായിരുന്ന മനുഷ്യൻ: ‘പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ അപ്പന്റെ വീട്ടിലേക്ക് അയയ്ക്കണമേ എന്നു ഞാൻ യാചിക്കുന്നു. 28 എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്, അവരും ഈ യാതനാസ്ഥലത്തു വരാതിരിക്കേണ്ടതിന് അയാൾ അവർക്കു മുന്നറിയിപ്പു നൽകട്ടെ.’
29 " ‘മോശയുടെയും പ്രവാചകന്മാരുടെയും ലിഖിതങ്ങൾ അവരുടെ പക്കലുണ്ടല്ലോ; നിന്റെ സഹോദരന്മാർ അവ അനുസരിക്കട്ടെ,’ അബ്രാഹാം പറഞ്ഞു.
30 " ‘അങ്ങനെയല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരാൾ അവരുടെ അടുക്കൽ ചെന്നാൽ അവർ അനുതപിക്കും,’ അയാൾ പറഞ്ഞു.
31 "അബ്രാഹാം അയാളോടു പറഞ്ഞത്, ‘അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് അനുസരിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റുചെന്നാലും വിശ്വസിക്കില്ല.’ "