പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
54 അവർ യേശുവിനെ പിടിച്ചു മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. പത്രോസ് അൽപ്പം അകലംവിട്ട് പിന്നാലെ ചെന്നു. 55 ചിലർ22:55 അതായത്, കാവൽക്കാർ അരമനാങ്കണത്തിന് നടുവിൽ തീ കത്തിച്ച് ഒന്നിച്ചിരുന്നപ്പോൾ പത്രോസും അവരോടൊപ്പം ചേർന്നു. 56 ഒരു വേലക്കാരി പെൺകുട്ടി തീയുടെ പ്രകാശത്തിൽ അയാൾ ഇരിക്കുന്നതു കണ്ടു; സൂക്ഷിച്ചുനോക്കിയിട്ട്, "ഈ മനുഷ്യനും അയാളുടെ അനുയായികളിൽ ഒരാളാണ്" എന്നു പറഞ്ഞു.
57 എന്നാൽ പത്രോസ് അതു നിഷേധിച്ച്, "സ്ത്രീയേ, ഞാൻ അയാളെ അറിയുന്നില്ല" എന്നു പറഞ്ഞു.
58 അൽപ്പസമയം കഴിഞ്ഞ് വേറെ ഒരാൾ അയാളെ കണ്ടിട്ട്, "നീയും അവരുടെ കൂട്ടത്തിലുള്ളവൻ" എന്നു പറഞ്ഞു.
"മനുഷ്യാ, ഞാൻ അക്കൂട്ടത്തിലുള്ളവനല്ല," പത്രോസ് മറുപടി പറഞ്ഞു.
59 ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു മറ്റൊരാൾ ഉറപ്പിച്ചുപറഞ്ഞു: "തീർച്ചയായും ഇയാൾ അയാളോടുകൂടെ ഉണ്ടായിരുന്ന ആൾതന്നെ. നോക്കൂ ഇയാളും ഗലീലക്കാരനാണല്ലോ!"
60 അതിനു പത്രോസ്, "ഹേ മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല" എന്ന് ഉത്തരം പറഞ്ഞു. പത്രോസ് സംസാരിക്കുമ്പോൾ കോഴി കൂവി. 61 അപ്പോൾ കർത്താവ് തിരിഞ്ഞ് പത്രോസിനെ സൂക്ഷിച്ചുനോക്കി. "ഇന്ന് കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും," എന്നു കർത്താവ് തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത് 62 പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.