ആദ്യശിഷ്യന്മാരെ വിളിക്കുന്നു
1 ഒരു ദിവസം യേശു ഗെന്നേസരെത്ത് തടാകതീരത്തു5:1 അതായത്, ഗലീലാതടാകതീരത്ത് നിൽക്കുമ്പോൾ, ജനക്കൂട്ടം ദൈവവചനം കേൾക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. 2 അപ്പോൾ വല കഴുകിക്കൊണ്ടിരുന്ന മീൻപിടിത്തക്കാരുടെ രണ്ട് വള്ളം തടാകതീരത്തോട് ചേർന്നു കിടക്കുന്നത് അദ്ദേഹം കണ്ടു. 3 അവയിലൊന്ന് ശിമോന്റേതായിരുന്നു. യേശു അതിൽ കയറിയിട്ട് വള്ളം കരയിൽനിന്ന് അൽപ്പം നീക്കാൻ ശിമോനോട് ആവശ്യപ്പെട്ടു. അദ്ദേഹം ആ വള്ളത്തിൽ ഇരുന്നുകൊണ്ട് ജനത്തെ ഉപദേശിച്ചു.
4 യേശു തന്റെ പ്രഭാഷണം അവസാനിപ്പിച്ചതിനുശേഷം, "നിന്റെ വള്ളം ആഴമുള്ളിടത്തേക്ക് നീക്കി അവിടെ വലയിറക്കുക" എന്ന് ശിമോനോട് കൽപ്പിച്ചു.
5 അതിനു ശിമോൻ, "പ്രഭോ, രാത്രിമുഴുവൻ കഷ്ടപ്പെട്ടിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ച് ഞാൻ വലയിറക്കാം" എന്ന് ഉത്തരം പറഞ്ഞു.
6 അവർ അങ്ങനെ ചെയ്തപ്പോൾ വലിയ മീൻകൂട്ടം വലയിൽപ്പെട്ടു; അവരുടെ വല കീറാൻ തുടങ്ങി. 7 അപ്പോളവർ, മറ്റേ വള്ളത്തിലുള്ള പങ്കാളികൾ വന്നു തങ്ങളെ സഹായിക്കേണ്ടതിന് അവരെ ആംഗ്യംകാട്ടി വിളിച്ചു. അവർ വന്നു, രണ്ട് വള്ളങ്ങളും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു.
8 ഇതു കണ്ടപ്പോൾ ശിമോൻ പത്രോസ് യേശുവിന്റെ കാൽക്കൽവീണ്, "കർത്താവേ, എന്നെവിട്ടു പോകണമേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നു" എന്നു പറഞ്ഞു. 9 ശിമോനും ശിമോന്റെ എല്ലാ കൂട്ടുകാരും തങ്ങൾ നടത്തിയ മീൻപിടിത്തത്തെപ്പറ്റി വിസ്മയഭരിതരായിരുന്നു; 10 സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നീ പങ്കാളികളും വിസ്മയിച്ചു.
അപ്പോൾ യേശു ശിമോനോട്, "ഭയപ്പെടരുത്; ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും"5:10 മനുഷ്യരെ പിടിക്കുന്നവനാകും, വിവക്ഷിക്കുന്നത് സുവിശേഷം അറിയിച്ച് മനുഷ്യരെ എന്റെ അനുഗാമികളാക്കുന്നവരാക്കും. എന്നു പറഞ്ഞു. 11 അങ്ങനെ, അവർ തങ്ങളുടെ വള്ളങ്ങൾ വലിച്ചു കരയ്ക്കു കയറ്റിയശേഷം എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.