യേശു ഒരു വിധവയുടെ മകനെ ഉയിർപ്പിക്കുന്നു
11 ഈ സംഭവത്തിനുശേഷം അധികം താമസിക്കാതെ യേശു നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ; ശിഷ്യന്മാരും വലിയൊരു ജനസഞ്ചയവും അദ്ദേഹത്തെ അനുഗമിച്ചു. 12 യേശു പട്ടണകവാടത്തോടടുത്തപ്പോൾ അതാ, മരിച്ചുപോയ ഒരാളെ പട്ടണത്തിനുപുറത്തേക്കു കൊണ്ടുവരുന്നു. അയാൾ തന്റെ അമ്മയുടെ ഏകപുത്രൻ; അവൾ വിധവയുമായിരുന്നു. പട്ടണത്തിൽനിന്ന് വലിയൊരു ജനക്കൂട്ടം അവളോടുകൂടെ ഉണ്ടായിരുന്നു. 13 അവളെ കണ്ടപ്പോൾ കർത്താവിന്റെ മനസ്സലിഞ്ഞു. അവിടന്ന് അവളോട്, "കരയേണ്ടാ" എന്നു പറഞ്ഞു.
14 യേശു അടുത്തുചെന്ന് ശവമഞ്ചം തൊട്ടപ്പോൾ, അത് ചുമന്നുകൊണ്ട് പോകുകയായിരുന്നവർ അവിടെ നിന്നു. അദ്ദേഹം, "യുവാവേ, ഞാൻ നിന്നോടു കൽപ്പിക്കുകയാണ് ‘എഴുന്നേൽക്കുക’ " എന്നു പറഞ്ഞു. 15 അപ്പോൾ മരിച്ചവൻ എഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി. യേശു അവനെ അവന്റെ അമ്മയ്ക്ക് തിരികെ നൽകി.
16 ജനമെല്ലാം ഭയപരവശരായി; ദൈവത്തെ പുകഴ്ത്തി. "ഒരു വലിയ പ്രവാചകൻ നമ്മുടെ മധ്യേ വന്നിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു," എന്ന് അവർ പറഞ്ഞു. 17 യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യെഹൂദർക്കിടയിലും നാലുപാടുമുള്ള പ്രദേശത്തും പ്രചരിച്ചു.