43 രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. 44 അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു.
45 "ആരാണ് എന്നെ തൊട്ടത്?" യേശു ചോദിച്ചു.
എല്ലാവരും അതു നിഷേധിച്ചപ്പോൾ പത്രോസ്, "പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ" എന്നു പറഞ്ഞു.
46 എന്നാൽ യേശു, "ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു" എന്നു പറഞ്ഞു.
47 തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു. 48 അദ്ദേഹം അവളോട്, "മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക" എന്നു പറഞ്ഞു.