യാക്കോബിന്റെയും യോഹന്നാന്റെയും അപേക്ഷ
35 സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും യേശുവിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട്, "ഗുരോ, ഞങ്ങൾ അങ്ങയോടു ചോദിക്കുന്നത് അങ്ങു ഞങ്ങൾക്കു ചെയ്തുതരണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു" എന്നു പറഞ്ഞു.
36 "ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?" അദ്ദേഹം ചോദിച്ചു.
37 അതിന് അവർ മറുപടി പറഞ്ഞു: "അങ്ങയുടെ മഹത്ത്വത്തിൽ, ഞങ്ങളിൽ ഒരാളെ അങ്ങയുടെ വലത്തും മറ്റേയാളെ ഇടത്തും ഇരിക്കാൻ അനുവദിക്കണമേ."
38 യേശു അവരോട്, "നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാൻ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങൾക്കു കഴിയുമോ?" എന്നു ചോദിച്ചു.
39 "ഞങ്ങൾ അതിനു തയ്യാറാണ്," അവർ മറുപടി പറഞ്ഞു.
യേശു അവരോട്, "ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കും; ഞാൻ സ്വീകരിക്കുന്ന സ്നാനവും നിങ്ങൾ സ്വീകരിക്കും; 40 എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരിക്കാനുള്ള അനുവാദം നൽകുന്നത് ഞാനല്ല; ആ സ്ഥാനങ്ങൾ ദൈവം ആർക്കുവേണ്ടിയാണോ ഒരുക്കിയിട്ടിരിക്കുന്നത്, അത് അവർക്കുള്ളതാണ്" എന്നു പറഞ്ഞു.
41 ഇതു കേട്ടിട്ട് ശേഷിച്ച പത്തുപേരും യാക്കോബിനോടും യോഹന്നാനോടും അസന്തുഷ്ടരായി. 42 യേശു അവരെയെല്ലാം അടുക്കൽവിളിച്ചു പറഞ്ഞത്: "ഈ ലോകത്തിലെ10:42 മൂ.ഭാ. യെഹൂദേതരരുടെ ഭരണകർത്താക്കളായി കരുതപ്പെടുന്നവർ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യം നടത്തുന്നെന്നും അവരിലെ പ്രമുഖർ അവരുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നെന്നും നിങ്ങൾക്കറിയാമല്ലോ. 43 നിങ്ങൾക്കിടയിൽ അങ്ങനെ സംഭവിക്കരുത്. പിന്നെയോ, നിങ്ങളിൽ പ്രമുഖരാകാൻ ആഗ്രഹിക്കുന്നവരെല്ലാം മറ്റുള്ളവർക്ക് ദാസരായിരിക്കണം; 44 പ്രഥമസ്ഥാനീയരാകാൻ ആഗ്രഹിക്കുന്നവരോ എല്ലാവരുടെയും അടിമയുമായിരിക്കണം. 45 മനുഷ്യപുത്രൻ (ഞാൻ) വന്നതോ മറ്റുള്ളവരിൽനിന്ന് ശുശ്രൂഷ സ്വീകരിക്കാനല്ല; മറിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനും തന്റെ ജീവൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി നൽകാനും ആണ്."