37 അതിനുത്തരമായി യേശു, "നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കുക" എന്നു പറഞ്ഞു.
"അതിന് ഇരുനൂറ് വെള്ളിക്കാശു6:37 ഈ തുക ഒരു തൊഴിലാളിയുടെ എട്ടുമാസത്തെ കൂലിക്കു സമമാണ്. വേണ്ടിവരും. ഞങ്ങൾ പോയി അത്രയും പണം സ്വരൂപിച്ച് അപ്പം വാങ്ങി അവർക്കു ഭക്ഷിക്കാൻ കൊടുക്കണമോ?" എന്ന് അവർ അദ്ദേഹത്തോടു ചോദിച്ചു.
38 അദ്ദേഹം അവരോട്, "നിങ്ങളുടെപക്കൽ എത്ര അപ്പം ഉണ്ട്? പോയി നോക്കുക" എന്നു പറഞ്ഞു.
അവർ നോക്കിയിട്ട്, "അഞ്ച്; രണ്ടുമീനും ഉണ്ട്" എന്നു പറഞ്ഞു.
39 ജനങ്ങളെ പച്ചപ്പുൽപ്പുറത്തു പന്തിപന്തിയായി ഇരുത്താൻ യേശു അവരോടു പറഞ്ഞു. 40 അവർ നൂറും അൻപതും വീതം നിരനിരയായി നിലത്തിരുന്നു. 41 അദ്ദേഹം അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി. ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ആ രണ്ടുമീനും അതുപോലെ അദ്ദേഹം എല്ലാവർക്കുമായി പങ്കിട്ടു. 42 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; 43 അവശേഷിച്ച അപ്പക്കഷണങ്ങളും മീനും ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.