15 സന്ധ്യാനേരം അടുത്തപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, "ഇതൊരു വിജനസ്ഥലമാണ്; നേരവും വളരെ വൈകിയിരിക്കുന്നു. ജനത്തിന് ആവശ്യമായ ആഹാരം വാങ്ങുന്നതിന് അവരെ ഗ്രാമങ്ങളിലേക്ക് പറഞ്ഞയച്ചാലും" എന്നു പറഞ്ഞു.
16 അതിനു മറുപടിയായി യേശു, "അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്" എന്നു പറഞ്ഞു.
17 "ഇവിടെ ഞങ്ങളുടെപക്കൽ അഞ്ചപ്പവും രണ്ടുമീനും അല്ലാതെ ഒന്നുമില്ല," എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു.
18 "എങ്കിൽ അവ ഇവിടെ കൊണ്ടുവരിക," എന്ന് യേശു പറഞ്ഞിട്ട് 19 ജനങ്ങളോട് പുൽപ്പുറത്ത് ഇരിക്കാൻ നിർദേശിച്ചു. യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്ക് കൊടുത്തു; ശിഷ്യന്മാർ അത് ജനത്തിന് വിളമ്പി. 20 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു. 21 ഭക്ഷിച്ചവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.