അത്ഭുതചിഹ്നം ആവശ്യപ്പെടുന്നു
1 പരീശന്മാരും സദൂക്യരും യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നതിന്, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു.
2 യേശു അവരോട്, "സൂര്യാസ്തമയസമയത്ത്, ആകാശം ചെമന്നിരുന്നാൽ ‘കാലാവസ്ഥ നല്ലതെന്നും’ 3 സൂര്യോദയത്തിൽ, ആകാശം ചെമന്നും ഇരുണ്ടും ഇരുന്നാൽ ഇന്ന് ‘കൊടുങ്കാറ്റുണ്ടാകും എന്നും’ നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം; എന്നാൽ, ഈ കാലഘട്ടത്തിന്റെ ലക്ഷണങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് കഴിയുന്നതുമില്ല. 4 ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം ആവശ്യപ്പെടുന്നു. എന്നാൽ, യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല" എന്ന് ഉത്തരം പറഞ്ഞു. യേശു പിന്നെ അവരെ വിട്ട് അവിടെനിന്ന് പോയി.